02:49am 03 June 2026
NEWS
പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇന്ത്യയുടെ ഈ യുദ്ധതന്ത്രങ്ങൾ
12/05/2025  08:34 AM IST
സുരേഷ് വണ്ടന്നൂർ
പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇന്ത്യയുടെ ഈ യുദ്ധതന്ത്രങ്ങൾ

ചുരുങ്ങിയ സമയം, കൃത്യമായ ആക്രമണം: ഇന്ത്യയുടെ സൈനിക ശേഷിക്ക് മുന്നിൽ പാകിസ്ഥാന് പിടിച്ചുനിൽക്കാനായില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലും വ്യോമ, റഡാർ സ്റ്റേഷനുകളിലും ഇന്ത്യ നടത്തിയ ആക്രമണം അവിശ്വസനീയമായിരുന്നു. ഓരോ നീക്കവും കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഭീകരരുടെ ഒളിത്താവളങ്ങൾ പോലും നിമിഷങ്ങൾക്കകം ചാരമാക്കി മാറ്റി. ഇനിയും പ്രകോപിപ്പിച്ചാൽ തകർക്കാൻ ഇന്ത്യക്ക് അധികസമയം വേണ്ടിവരില്ലെന്ന തിരിച്ചറിവ് പാകിസ്ഥാന് ഉണ്ടായി. ഇതെല്ലാമാണ് വെടിനിർത്തലിന് അഭ്യർത്ഥിച്ച് മാളത്തിലൊളിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.

പ്രത്യാക്രമണം ഭയന്ന് പാകിസ്ഥാൻ: ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം തുടർന്നാൽ തങ്ങളുടെ സൈനിക പ്രതിരോധം പൂർണ്ണമായി ഇല്ലാതാകുമെന്ന് പാകിസ്ഥാൻ ഭയന്നു. ഒരൊറ്റ ആക്രമണത്തിൽത്തന്നെ പാകിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളും വ്യോമ, റഡാർ സ്റ്റേഷനുകളുമെല്ലാം ഇന്ത്യ തകർത്തു. ഓരോ ആക്രമണവും കൃത്യമായ രേഖപ്പെടുത്തലുകളോടെയായിരുന്നു, ഒന്നുപോലും ലക്ഷ്യം തെറ്റിയില്ല. ഇതോടെ പാകിസ്ഥാന്റെ ധൈര്യം ചോർന്നുപോയി.

ഇന്ത്യയുടെ ആധുനിക യുദ്ധോപകരണങ്ങൾ: കാലഘട്ടത്തിനനുസരിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഇന്റലിജൻസ് സംവിധാനവും അത്യാധുനിക യുദ്ധവിമാനങ്ങളുമാണ് ഇന്ത്യയുടെ പ്രധാന ശക്തി. പാകിസ്ഥാന്റെ 300-ൽ അധികം ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ എസ്-400 എന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കാൻ സാധിച്ചു. അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ അകലെവെച്ച് തന്നെ ഇവയിൽ പലതും നിർവീര്യമാക്കി. പാകിസ്ഥാൻ തങ്ങളുടെ ഏറ്റവും വലിയ ആയുധമായി കരുതിയിരുന്ന ഫത്താ-2 ബാലിസ്റ്റിക് മിസൈലിനെ പോലും ഇന്ത്യ ചാരമാക്കി. ഇതോടെ ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന് പാകിസ്ഥാന് ബോധ്യമായി. ആണവായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ അത് അവിടെവെച്ചുതന്നെ നശിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന തിരിച്ചറിവും അവർക്കുണ്ടായി.

കൃത്യതയും സൂക്ഷ്മതയും: ഇന്ത്യയുടെ ആക്രമണം അതീവ കൃത്യതയും സൂക്ഷ്മതയുമുള്ളതായിരുന്നു. കിലോമീറ്ററുകൾ അകലെയുള്ള പാക് ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തി അവിടെത്തന്നെ ആക്രമണം നടത്തി. ഒരു പ്രദേശം മുഴുവനായി നശിപ്പിക്കുന്ന രീതി ഇന്ത്യക്കില്ല. ലക്ഷ്യത്തെ മാത്രം തകർക്കാനുള്ള ശേഷിയാണ് ഇന്ത്യൻ യുദ്ധതന്ത്രത്തിന്റെ പ്രത്യേകത. ബങ്കറുകൾക്കും കെട്ടിടങ്ങൾക്കുമകത്തേക്ക് തുളഞ്ഞുകയറി സ്ഫോടനം നടത്തുന്ന മിസൈലുകളും ബോംബുകളും ഇന്ത്യയുടെ ആയുധശേഖരത്തിലുണ്ട്. സ്കാൽപ് മിസൈൽ, ഹാമർ ബോംബ് തുടങ്ങിയ അത്യാധുനിക ആയുധങ്ങളും മിറാഷ്, സുഖോയ്-30, ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ റഫാൽ തുടങ്ങിയവയും ഇന്ത്യയുടെ കരുത്താണ്.

ദുർബലമായ പാക് ആക്രമണം: പാകിസ്ഥാന്റെ ആക്രമണം വളരെ ദുർബലമായിരുന്നു. ലക്ഷ്യമില്ലാതെ ഷെല്ലുകളും ഡ്രോണുകളും ഇന്ത്യക്ക് നേരെ വർഷിച്ചതല്ലാതെ കാര്യമായ ഒരു നീക്കം പോലും നടത്താൻ അവർക്ക് സാധിച്ചില്ല. ഫലപ്രദമായ ഒരു ആക്രമണം നടത്താനുള്ള ശേഷി പാകിസ്ഥാനില്ലെന്ന് ലോകത്തിന് വ്യക്തമായി. അലക്ഷ്യമായി പതിച്ച ചില ഷെല്ലുകൾ ഒഴികെ അവരുടെ ഡ്രോണുകളോ മിസൈലുകളോ ഇന്ത്യയെ സ്പർശിച്ചില്ല.

സാമ്പത്തികവും ആഭ്യന്തരവുമായ പ്രതിസന്ധികൾ:

 * പരിതാപകരമായ സാമ്പത്തിക സ്ഥിതി: പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചത് അവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ്. രാജ്യത്തെ ജനജീവിതം താറുമാറായ അവസ്ഥയിലാണ്. അവശ്യവസ്തുക്കളുടെ ദൗർലഭ്യവും ഇന്ധനക്ഷാമവും സ്ഥിതി കൂടുതൽ ഗുരുതരമാക്കി. ഐ.എം.എഫ് അനുവദിച്ച തുക ഒരു താൽക്കാലിക ആശ്വാസമാണെങ്കിലും യുദ്ധം തുടർന്നാൽ രാജ്യം പൂർണ്ണമായി തകരുമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.

 * ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ: ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ച സമയത്ത് തന്നെ പാകിസ്ഥാനിലെ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഇത് മുതലെടുത്തു. ക്വറ്റ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ ബി.എൽ.എ പിടിച്ചെടുത്തു. ബലൂചിസ്ഥാനിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവരുടെ നീക്കം ശക്തമായതോടെ കൂടുതൽ വെല്ലുവിളികൾ ഒഴിവാക്കാൻ പാകിസ്ഥാന് ഇന്ത്യയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img